Tuesday, June 28, 2011


"The Pearl "എന്ന പേരില്‍ ഖലീല്‍ ജിബ്രാന്റെ ഒരു രചനയുണ്ട്. കടലിന്റെ അടിത്തട്ടില്‍ വെച്ച് രണ്ട്‌ ചിപ്പികള്‍ തമ്മിലുള്ള സംഭാഷണമാണ് വിഷയം.
ഒരു ചിപ്പി തന്റെ സുഹൃത്തിനോട്‌ പറയുന്നു  സുഹൃത്തേ എനിക്ക് വളരെ അസ്വസ്ഥതയാണ്.ഉള്ളില്‍ കിരുകിരുക്കുന്ന വേദന: മറ്റേ ചിപ്പി പറയുന്നത് എനിക്ക് യാതൊരു അലട്ടലുമില്ല കടലിന്റെ അടിത്തട്ടില്‍ നീന്തി ഞാനിതിനെ സ്വര്‍ഗതുല്യമാക്കുന്നു എന്നാണ്.  ഇവരുടെ സംഭാഷണം ശ്രവിച്ച ഒരു ഞണ്ട് ഇവരോട് പറയുന്നു "വേദനിക്കുന്ന സുഹൃത്തേ,നീ വിഷമിക്കേണ്ട കാരണം നിന്റെ ഉള്ളില്‍ മുത്ത് വളരുന്നുണ്ട്‌ അത് വളരും തോറും നിന്റെ വേദന ഏറിക്കൊണ്ടിരി ക്കും .വേദനയില്ലാത്ത സുഹൃത്തേ,നിന്റെ ഉള്ളു പൊള്ളയാണ്‌ സീമാതീതമായ സൌന്ദര്യത്തെ (exceeding beauty) ഉള്ളില്‍ വഹിക്കുന്ന ചിപ്പിയെ തിരിച്ചറിയുകയും വ്യാഖ്യാനിക്കുകയുമാണ്‌  ഞണ്ട്.ജീവിതത്തിലെ  ഒരു സന്ദര്‍ഭത്തെ, വാക്കിനെ,അര്‍ത്ഥത്തെ വ്യാഖ്യാനിക്കുന്ന  ഖലീല്‍ ജിബ്രാന്റെ സര്‍ഗാത്മകമായ സ്വത്വം ഞ്ഞണ്ടിലുണ്ട് .എവിടെയാണ് മുത്ത്‌ വളരുന്നത്,അല്ലെങ്കില്‍ എവിടെയാണ് കാംമ്പില്ലായ്മകളില്‍   നാമറിയാതെ ജീര്‍ണിച്ചുപോകുന്നത് എന്ന ഉള്ളറിവുകള്‍ കവിതയെന്നോ,കഥയെന്നോ നിര്‍വചിക്കാനാവാത്ത ആഖ്യാനപ്രരൂപമായി സ്വയം നിര്‍ണയിക്കപ്പെടുകയാണ്                       
എം .എസ്.ബനേഷ് 
                                                                പുതിയ കവിത ജീവിതത്തെ അഭൂതപൂര്‍വ്വമായി വ്യാഖ്യാനിക്കുന്നിടത്താണ്  അതിന്റെ വേററിവുകള്‍ നമ്മെ  അഭിസംബോധന  ചെയ്യുന്നത്.വലിയ വലിയ ആഖ്യാനങ്ങളോടല്ല ,പറഞ്ഞ് തേഞ്ഞ  പ്രയോഗങ്ങളിലല്ല,കാഴ്ച്ചയുടെ മുരടിപ്പിലല്ല നിര്‍ണയിക്കപ്പെട്ട സൌന്ദര്യ നിവച്ചനങ്ങളിളല്ല അതിന്റെ ഊന്നല്‍ , മറ്റാരും കാണാത്തത് കണ്ടെടുക്കുന്ന, വ്യാഖ്യാനിക്കുന്ന അപൂര്‍വമായ സുതാര്യതയാണ് മുഖമുദ്ര.അതിനാല്‍ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിലും,വൈകാരിക സന്ദിഗ്ദ്ധതയിലും   ,ആവിഷ്കാരത്തിന്റെ സ്വച്ഛതയിലും  പുതുമുദ്രകള്‍ രേഖപ്പെടുത്തുന്നു                   
                        ഈയിടെ    പബ്ലിഷ് ചെയ്ത പുതുകവിതാപുസ്തകങ്ങളില്‍ അതിന്റെ ഫലശ്രുതികളുണ്ട്‌.ശ്രീകുമാര്‍ കരിയാടിന്റെ "നിലാവും പിച്ചക്കാരനും "എം .എസ് .ബനേഷിന്റെ നെഞ്ചും വിരിച്ച് തല കുനിക്കുന്നു ",എല്‍ .തോമസ്കുട്ടിയുടെ "ഭൂപടം ഭൂമിയല്ല " , ഷാജി അമ്പലത്തിന്റെ "ചേര്‍ത്തുപിടിച്ച അകലങ്ങള്‍ "  സെബാസ്റ്റ്യന്റെ ഇരുട്ടുപിഴിഞ് " പി എ നാസിമുദ്ധീന്റെ" ദൈവവും കളിപന്തും" ലതീഷ് മോഹന്റെ "ചെവികള്‍ ചെമ്പരത്തികള്‍ " വി ജയദേവിന്റെ "കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം  " ഈ പുസ്തകങ്ങളെല്ലാം പേരില്‍ തന്നെ ഇത് വരെ കാണാത്ത കാഴ്ചകളുടെ വൈരുദ്ധ്യങ്ങളുടെ ,അമൂര്‍ത്ത വ്യഖാനങ്ങളുടെ സൂക്ഷ്മതകളുണ്ട്. 
                                                             സ്വക്ഷേത്രബലംകൊണ്ട് കവിതയുടെ ചരിത്രത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയാണ് പുതുകവിത. അനുഭവങ്ങളെ മിമിക് ചെയ്യാതെ,ഒരൊറ്റ ഫ്രൈമില്‍ പലവലുപ്പത്തില്‍ രൂപപ്പെടാതെ പലതും പലരുമായി വേര്‍പിരിയുന്ന സാധ്യതകള്‍ കണ്ടെടുക്കുന്നു. സിദ്ധാന്ധങ്ങളുടെ മുഴക്കോലുകള്‍ അളന്നെടുക്കാനാവാതെ നിഷ്ക്രിയ മാകുന്നു.പത്രാധിപ ഡെസ്ക്കുകള്‍ പിടികിട്ടായ്മയില്‍ അമ്പരക്കുന്നു. അച്ചടിമലയാളം നാടുകടത്തുകയും തിരിച്ചയക്കുകയും ചെയ്യുന്ന കവിതകളുടെ കലഹം ഭാവുകത്വത്തെ മുറിവേല്‍പ്പിക്കുന്നു.           
ശ്രീ കുമാര്‍ കരിയാട് 
                           ആയതിനാല്‍ ഇനി  മത്തങ്ങയെകുറിച്ച് സംസാരിക്കാം  .....ഈ പിഴച്ച ഭൂമിയെപ്പറ്റി പേര്‍ത്തും പറഞ്ഞും മടുത്തു.എന്ന് കടമ്മനിട്ട എഴുതുന്നതില്‍ പുതുകവിതയുടെ പ്രവചാനാത്മക സൂചനകളുണ്ട്. പാരമ്പര്യത്തോട് ഒട്ടിനില്‍ക്കുമ്പോഴും ചില വെളിവുകള്‍ കടമ്മനിട്ടയെ  അസ്വസ്ഥമാക്കിയിരുന്നു . സോണ.ജി പശുവിനെപ്പറ്റി എഴുതുമ്പോള്‍ പശുവും പുല്‍മേടും മാറി അവിടെ ഉരുകുന്ന പ്രവാസിയും മരുഭൂമിയും പ്രത്യക്ഷപ്പെടുന്നു.പാല്‍ നിലച്ചാല്‍ പുല്പലകയില്‍ വെച്ച് അറക്കപ്പെടുന്ന പശുവിന്റെ ദൈന്യത പശു ജീവിത ങ്ങളിലേക്കും നീളുന്നു "ഗദ്ധാമകളും നജീബുമാരും ചോദ്യ ചിഹ്നമായി നമ്മെ ഞെട്ടിക്കുന്ന അനുഭവവൃത്താ ന്തങ്ങളുടെ അയവെട്ടലുകള്‍ മാത്രം ബാക്കിയാവുന്നു.    
                                        വി. ജയദേവിന്റെ ഇരുള്‍പ്പേടി അമൂര്‍ത്തതയുടെ വ്യാഖ്യാനവും,ആഖ്യാനവുമാണ്. രാത്രിയെ പേടിച്ചു വരുന്ന ഇരുട്ട് അല്ലെങ്കില്‍ ഇരുട്ടിനെപ്പേടിച്ചു വരുന്നരാത്രി എന്ന പ്രയോഗ വൈചിത്ര്യം ഭയത്തിന്റെ ഉള്‍ ദ്വീപുകളാണ്  .ഇരുട്ടത്തുള്ള കാടും പടലും ഏറെ..... പക്ഷെ പേടി,ആരോ തേടിയെന്നും പറഞ്ഞു കാലില്‍ ചുറ്റുന്നവര്‍ ....ആരോതൊട്ടിട്ടെന്നു പറഞ്ഞു ദേഹത്ത് ഒട്ടുന്നവ.......ഭയത്തെ ഈമാതിരി വ്യാഖ്യാനിക്കുന്ന കാവ്യാനുഭവം അപൂര്‍വതയാണ്.അഭ്യര്‍ത്ഥനപോലെ സൌഹൃദ ഭാഷണം പോലെ ഭയത്തിന്റെ തുറമുഖങ്ങളില്‍ ആകുലമാകുന്ന വൈകാരികതയുടെ ഭൂഖണ്ഡങ്ങള്‍  വ്യത്യസ്തമായ നിര്‍വചനമാണ്.അനീര്‍വചനീയമായ നിര്‍വ്വചനങ്ങള്‍ .             
ലതീഷ് മോഹന്‍ 
                                 രാജേഷ്   ചിത്തിരയുടെ "ചുരുങ്ങിച്ചുരുങ്ങി ചെറുതാകുന്ന ചില പെരുക്കങ്ങളില്‍ ജീവശാസ്ത്ര സംബന്ധമായ ചില പ്രഹേളികകളുണ്ട്.biological needs നപ്പുറത്തുള്ള ചില സ്വത്വന്വേഷണങ്ങള്‍  ഈ കവിത വെളിപ്പെടുത്തുന്നു. ചെറുത് വലുതാകുന്നത് പോലെയുള്ള പാരിസ്ഥിതിക  നിറവുകള്‍ ഈ കവിതയിലുണ്ട് .
ചെകിള  വിരലുകളാല്‍
ജലവീണ മീട്ടി
പുതുരാഗങ്ങള്‍ തുഴഞ്ഞു പോകുന്ന
മത്സ്യങ്ങള്‍ ,
വരിവെച്ചടിവെച്ച് ,കീഴടങ്ങല ,
ടക്കലില്ലാതെ,
വീതം വെയ്ക്കലിന്‍ പെരുക്കങ്ങളില്ലാതെ
ഇടയ്ക്കിത്തിരി  വഴിമാറിയങ്ങനെ പോകുന്ന
ഉറുമ്പുകള്‍ ..........
ഉറുമ്പും, പറവകളും,ചിതലും മത്സ്യവുമായി ജൈവബിംബങ്ങളിലൂടെ ജീവിതത്തെ നിര്‍വചിക്കുന്ന എഴുത്താണ്  രാജേഷ് ചിത്തിരയുടെത് 
                                 മനുഷ്യനെയും മനുഷ്യത്വതെയും  പുതിയ അര്‍ത്ഥ നിര്‍ദ്ധാരണങ്ങള്‍ക്ക് വിധേയമാക്കുന്ന കവിതയാണ് ഉണ്ണികൃഷ്ണന്‍ വയനാടിന്റെ "ചിലന്തി " മനുഷ്യനെ അപനിര്‍മ്മിക്കലാണ് കവിത ഏറ്റെടുക്കുന്ന ദൌത്യം 
"ചുണ്ടില്‍ അവശേഷിക്കുന്ന
 ചെന്നിനായകത്തിന്റെ കയ്പ്പ്
 അമ്മയ്ക്ക് രണ്ടു മുലകളുണ്ടായിരുന്നതിന്റെ
 തെളിവ്"
എന്നും 



പ്രാവുകളെ വേട്ടയാടി
 തളര്‍ന്നു വീഴുമെന്നായപ്പോള്‍
 രാജാവിന്റെ തുടയിറച്ചിയുടെ
 സ്വാദറിഞ്ഞു ."
എന്ന്    ആത്മനിന്ദയോടെ രേഖപ്പെടുത്തുന്നു. ശ്രേഷ്ഠം  മര്‍ത്യജീവിതം എന്ന് പാടനാവാത്തത് ഈ അപകട കരവും  സൌന്ദര്യത്മകവുമായ സിനിസിസം ഉള്ളിലുള്ളത്കൊണ്ടാണ്. മനുഷ്യന്റെ കൈകള്‍ .... ."കല്ലുടയ്ക്കുന്ന കൈകള്‍ "  എന്ന് അതിഭാവുകത്വത്തോടെ പാടാന്‍ പറ്റാത്തത് അതുകൊണ്ടാണ്. ഇരയും വേട്ടക്കരനുമായി പകര്‍ന്നാടുന്ന മര്‍ത്ത്യ  ജീവിതത്തിന്റെ അല്പത്വതിലേക്ക്  ക്ഷോഭത്തോടെ നിറയൊഴിക്കുക യാണ് ചിലന്തി എന്ന കവിത .   
                                    മണ്ണിലും,വിണ്ണിലും തൊടാതെ നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ ജീവിതത്തെ ഇളിചങ്ങലയിട്ടു കൊടുത്ത് വിമര്‍ശിക്കുകയാണ് സര്‍ജു  അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കവിതയിലൂടെ. താറുമാറായ ജീവിതത്തി ന്റെ  അരാഷ്ട്രീയ ധ്വനികള്‍ ഉള്‍വഹിക്കുന്ന  കവിത സാംസ്കാരിക വിമര്‍ശനത്തിന്റെ സാധ്യതകള്‍ ഉപയോഗ പ്പെടുത്തുകയാണ് . പൊളിറ്റിക്കലാകുംതോറും  വ്യക്തിപരമാകുന്ന എഴുത്തിന്റെ സംവൃത മണ്ഡലമാണ് സര്‍ജു സ്വതന്ത്രമാക്കുന്നത് .പ്രവാസം, യുദ്ധം,കലാപം എന്നിങ്ങനെ വളരുന്ന പുത്തന്‍നാഗരികതയുടെ installation  സാധ്യതകളാണ് കവിത ഉപയോഗപ്പെടുത്തുന്നത്.
                   ഒരു വന്‍ മരത്തിലും സൈദ്ധാന്തികതയുടെ ചങ്ങലയിട്ട് തളയ്ക്കനാവാത്ത മദവും  ഉന്മാദവുമാണ് പുതിയ കവിതയെന്ന്‌ ഈ ലക്കത്തിലെ രചനകള്‍  ബോധ്യപ്പെടുത്തുന്നു. രൂപമോ ഭാവമോ നിശ്ചിത സ്ഥലമോ ഇല്ലാത്ത മേഘങ്ങളെ പോലെ പെയ്തിറങ്ങുമ്പോഴാണ് അതിന്റെ ഈര്‍പ്പം നിറഞ്ഞ അസ്തിത്വം നാം അനുഭവിക്കുന്നത് .


പ്രസാദ് കാക്കശേരി
ഹയര്‍ സെക്കന്ററി അദ്ദ്യാപകന്‍
 മലയാള വിഭാഗം 
ഗവ : ഹയര്‍ സെക്കന്ററി സ്കൂള്‍ കടപ്പുറം ചാവക്കാട്

TEL: 9495884210